നിലക്കടല അലര്‍ജിയുള്ള കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ചികിത്സ നൽക്കാനൊരുങ്ങി ഓസ്‌ട്രേലിയ. പീനട്ട് അലര്‍ജി നേരിടുന്ന രാജ്യത്തെ എല്ലാ കുട്ടികളെയും ചികിത്സയുടെ ഭാഗമാക്കും. ഫുഡ് അലർജിയെ പ്രിതിരോധിക്കാനായി ഓറൽ ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ നിലനിൽക്കുന്നുണ്ടെങ്കിലും ലോകത്താദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുത്ത 10 ആശുപത്രികളിലാകും മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പീനട്ട് അഥവാ നിലക്കടല അലര്‍ജിയുള്ള കുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പീനട്ട് പൊടി നല്‍കിയാണ് ചികിത്സ നടപ്പാക്കുന്നത്. അലര്‍ജി മാറ്റാനായി നല്‍കുന്ന പീനട്ട് ബട്ടർ ഡോസുകള്‍ ആദ്യം കുറഞ്ഞ അളവിലും പിന്നീട് വർധിപ്പിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ ഫുഡ് അലര്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. 12 മാസം പ്രായമുള്ള രാജ്യത്തെ 3% കുട്ടികളിലും പീനട്ട് അലര്‍ജി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ 22 ശതമാനം കുട്ടികള്‍ മാത്രമാണ് കൗമാര പ്രായത്തിലെത്തുമ്പോള്‍ അലര്‍ജിയെ മറികടക്കുന്നത്. പീനട്ട് അലര്‍ജിയില്‍ നിന്നുള്ള മരണങ്ങള്‍ കുറവാണെങ്കിലും ഓസ്‌ട്രേലിയയിലെ 20 ശതമാനം പേരും അലര്‍ജികൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ നേരിടുന്നവരാണ്. നിലക്കടല കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങള്‍ കുട്ടികളുടെ ആഹാരക്രമത്തില്‍ വളരെ നേരത്തെ ഉള്‍പ്പെടുത്തുന്നത് പയറുവര്‍ഗങ്ങളോടുള്ള അലര്‍ജിയില്‍നിന്ന് മോചനം നല്‍കുമെന്ന് പഠനങ്ങൾ പറയുന്നു.