സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. ഒരു പോഡ്കാസ്റ്റ് ഷോയിലൂടെയാണ് രോഗബാധയേക്കുറിച്ച് 43കാരിയായ താരം പങ്കുവെച്ചത്. സ്തനാർബുദത്തിന്റെ തുടക്കത്തിൽ ആണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ഡാനിയേൽ പറയുന്നു. വളരെ നേരത്തേ രോഗം കണ്ടെത്തിയത് ചികിത്സയ്ക്ക് ഗുണംചെയ്തുവെന്നും നടി പറഞ്ഞു. നിലവിൽ സർജറിക്കുശേഷമുള്ള ചികിത്സയിലേക്ക് കടക്കുകയാണ് ഡാനിയേൽ. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണമെന്നും ഇടയ്ക്കിടെയുള്ള ചെക്കപ്പുകൾ ഒഴിവാക്കരുതെന്നും താരം പറയുന്നുണ്ട്. എത്ര തിരക്കാണെങ്കിലും ഡോക്ടറെ കാണുന്നതിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ല. എനിക്ക് ഡോക്ടറെ കാണാൻ സമയമില്ല എന്നു പറയുന്നത് എളുപ്പമാണ്. എന്നാൽ ടെസ്റ്റുകൾ കൃത്യസമയത്ത് ചെയ്ത് ഡോക്ടറെ കാണിക്കാൻ വൈകിക്കാതെ ഇരുന്നതാണ് തന്റെ ചികിത്സ എളുപ്പമാക്കിയതെന്നും ഡാനിയേൽ പറയുന്നു.