വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ കുട്ടികളെ നൽകുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ വി കുമാർ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനും മന്ത്രി നിർദ്ദേശം നൽകി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവർത്തനം, മറ്റു ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.