ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നതായി റിപ്പോർട്ട്. പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കിടയിലാണ് രോഗവ്യാപനമുള്ളത്. ജൂൺ മുതൽ ഇതുവരെ 148 എ.ഇ.എസ്. കേസുകൾ സ്ഥിരീകരിച്ചു. ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജൂലൈ 31 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഗുജറാത്തിലെ ഇരുപത്തിനാല് ജില്ലകളിൽ നിന്നായി 140 കേസുകളും മധ്യപ്രദേശിൽ നിന്ന് നാല് കേസുകളും രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അമ്പത്തിയൊമ്പത് കുട്ടികൾ മരിക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. അതിനിടെ ചാന്ദിപുര വൈറസ് കേസുകൾ 51 ആയെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. എ.ഇ.എസ്. ബാധിച്ചുള്ള മരണനിരക്കും ചാന്ദിപുര വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധവും സംശയിക്കുന്നുണ്ട്.