സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നേടാൻ നടന്നോളൂ

സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നൽകാൻ നടത്തം പോലുള്ള വ്യായാമ രീതികൾക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ 701 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ സ്ഥിരമായി നടക്കാൻ പോയവർക്ക് തങ്ങളുടെ നടുവേദനയിൽ നിന്നും വലിയ ആശ്വാസം നേടാൻ സാധിച്ചതായി ഗവേഷണത്തിൽ കണ്ടെത്തി. നടത്തം എന്നത് ചെലവ് ഇല്ലാത്തതും ആർക്കും ചെയ്യാവുന്നതുമായ ഒരു വ്യായാമാണെന്നും കൂടാതെ പേശികളെ ശക്തിപ്പെടുത്തുകയും ഒപ്പം സമ്മർദ്ദവും ഒഴിവാക്കി മാനസിക സന്തോഷം ഉണ്ടാക്കുന്ന എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതായി പഠനം പറയുന്നു. കൂടാതെ, നടത്തത്തിലൂടെ ഹൃദയാരോഗ്യം, എല്ലുകളുടെ ദൃഢത, ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തൽ, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവ ലഭ്യമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ പതിവ് നടത്തം ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത പഠനം അടിവരയിട്ട് പറയുന്നു.