ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഏകാന്തത ഉണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. മിഷിഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ദി ലാൻസെറ്റ്സ് ഇക്ലിനിക്കൽ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റണിലെ ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഏകാന്തതയുള്ളവരിൽ അല്ലാത്തവരെ അപേക്ഷിച്ച് പക്ഷാഘാതത്തിനുള്ള സാധ്യത 25 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഏകാന്തത മൂലം സമ്മർദം വർധിക്കുന്നതും രക്തസമ്മർദത്തിന്റെ തോത് കൂടുന്നതും പക്ഷാഘാതത്തിനു കാരണമാകാം എന്ന് ഗവേഷകർ പറയുന്നു. ഒറ്റയ്ക്കാകുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഭക്ഷണം കൂടുതൽ കഴിക്കുന്നതും ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടുന്നതും ഉറക്കം കുറയുന്നതുമൊക്കെ പക്ഷാഘാതസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ചിലഘട്ടങ്ങളിൽ ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യതയില്ലെന്നും മറിച്ച് നീണ്ടുനിൽക്കുന്ന കാലങ്ങളായി ഏകാന്തതയിലൂടെ കടന്നുപോകുന്നവർക്കാണ് ഭീഷണിയുള്ളതെന്നും പഠനത്തിൽ പറയുന്നുണ്ട്.