ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയിത്തന്നെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള 29 കേസുകളിൽ 26 എണ്ണം ഗുജറാത്തിൽ നിന്നാണ്, രണ്ടുപേർ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്. പതിനഞ്ചുമരണങ്ങളിൽ പതിമൂന്നെണ്ണം ഗുജറാത്തിൽ നിന്നാണ്, ഓരോ മരണങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും. ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മെഹ്സാന, രാജ്കോട്ട്, അഹമ്മദാബാദ് സിറ്റി, മോർബി, പഞ്ച്മഹൽ തുടങ്ങിയ ഭാഗങ്ങളിലണ് രോഗവ്യാപനമുള്ളത്. ഈ രോഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. പൊതുവേ മഴക്കാലങ്ങളിലാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. നഗരപ്രദേശങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.