പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്. ആരോഗ്യവാന്മാരായ 280 പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠനത്തിൽ, ഇവർ ദേഷ്യപ്പെടുമ്പോൾ രക്തക്കുഴലിൽ കാര്യമായ മാറ്റം വരുന്നതായി ഗവേഷകർ കണ്ടെത്തി. ഇടക്കിടെ ദേഷ്യപ്പെടുന്നവരിൽ അല്ലെങ്കിൽ ഇത്തരം ശക്മായ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരിൽ കാലക്രമേണ കാർഡിയോവാസ്കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നീങ്ങുമെന്നും ഗവേഷകർ പറയുന്നു. ഹൃദയാരോഗ്യത്തിന് സമ്മർദവും ദേഷ്യം പോലുള്ള വികാരങ്ങളും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യവും ഹൃദയത്തെ സന്തോഷത്തോടെ നിലനിർത്തേണ്ടതിൻറെ ആവശ്യകതയും ഗവേഷകർ പഠനറിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്.