സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്

സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്‌സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ശോകപൂർണ്ണമായ ഗാനം ചിലപ്പോൾ നമ്മളിലെ ദുഖങ്ങളെ തൊട്ടുണർത്തിയാലും അതുമായി നമുക്ക് തോന്നുന്ന ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നു ഗവേഷണ റിപ്പോർട്ട് പറയുന്നു. ദുഖകരമായ കാര്യങ്ങളെ കുറിച്ച് തീവ്രമായ സംഭാഷണങ്ങൾ നടത്തുന്ന വ്യക്തികൾക്കിടയിൽ ഉണ്ടാകുന്ന മാനസികൈക്യം പോലെ എന്തോ ഒന്ന് ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിലുണ്ടാകുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. നമുക്ക് നമ്മളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും നമ്മുടെ വൈകാരികമായ അനുഭവങ്ങളെ പറ്റി വിചിന്തനം നടത്താനും ദുഖസാന്ദ്രമായ പാട്ട് കേൾക്കുമ്പോൾ കഴിയുമെന്നും ഗവേഷണ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.