ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിൽ ഏറെയും പുകവലിക്കാത്തവർ ആണെന്ന് റിപ്പോർട്ട്. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഡോക്ടർമാരാണ് പഠനത്തിന് പിന്നിൽ. പുകവലിശീലമില്ലാത്തവരിൽ ശ്വാസകോശ അർബുദനിരക്ക് കൂടാനുള്ള കാരണങ്ങളിൽ പ്രധാനമായി കണ്ടെത്തിയത് അന്തരീക്ഷമലിനീകരണമാണ്. വായുമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ആസ്ബെറ്റോസ്, ക്രോമിയം, കാഡ്മിയം, ആർസെനിക്, കൽക്കരി, സെക്കൻഡ്ഹാൻഡ് സ്മോക്കിങ് തുടങ്ങിയവയാണ് ശ്വാസകോശ അർബുദം വർധിപ്പിക്കുന്ന പ്രധാനഘടകങ്ങൾ. പുകവലിശീലം ഇല്ലാത്തവരിലെ ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് ജനിതകമാണ്. ഇതുകൂടാതെ ട്യൂബർകുലോസിസ് രോഗികളുടെ നിരക്ക് വർധിക്കുകയും രോഗസ്ഥിരീകരണം വൈകുന്നതും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.