സ്പോമൊസ്‌ക്വിറ്റ് എന്ന പേരിൽ കൊതുകിന്റെ ഉറവിട നശീകരണം മത്സരമാക്കി തൃശ്ശൂരിലെ വേളൂക്കര ഗ്രാമപ്പഞ്ചായത്ത്. ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ നടത്തുന്ന ‘ഡ്രൈഡേ’ ആചരണം ഫലപ്രദമാകുന്നില്ലെന്ന തിരിച്ചറിവാണ് ആശയത്തിന്റെ പ്രേരണ. ആരോഗ്യപ്രവർത്തകർ സംഘം തിരിഞ്ഞ് ഓരോ വീടുകളിലും വീട്ടുകാരുടെ സഹകരണത്തോടെ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യം. കൂടുതൽ ഉറവിടം നശിപ്പിക്കുന്ന ടീമിന് കാഷ് അവാർഡ് മുതൽ ട്രോഫിവരെ സമ്മാനമുണ്ട്. അടുത്ത റൗണ്ടിൽ മെഗാസമ്മാനവും ഒരുക്കുന്നുണ്ട്. നിലവിൽ നാലുവാർഡുകളിലാണ് മത്സരം നടത്തിയത്. ഇനി ഇത് വാർഡുകൾ തമ്മിലുള്ള മത്സരമാക്കി മാറ്റും. സ്പോമൊസ്‌ക്വിറ്റ്’ സ്പോർട്സ് ഇൻ മൊസ്‌ക്വിറ്റോ കൺട്രോൾ എന്നാണ് മത്സരത്തിന്റെ പേര്. സ്പോൺസർമാരിലൂടെയാണ് സമ്മാനങ്ങൾ നൽകുന്നത്. രണ്ടോമൂന്നോ പേർ അംഗങ്ങളായ ടീം കുറഞ്ഞത് 25 വീടുകളിലാണ് കയറേണ്ടത്. സന്ദർശിക്കുന്ന എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദേശങ്ങളും നിയമങ്ങളും ബോധ്യപ്പെടുത്തി ഒപ്പോ സത്യവാങ്മൂലമോ വാങ്ങണം.