ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഉയർന്ന കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുകയും കോവിഡിനുശേഷം ഹൃദ്രോഗികൾ കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തെ ഹൃദ്രോഗവിദഗ്ധർ വിഷയത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനപ്രകാരം ഉയർന്ന എൽ.ഡി.എൽ. കൊളസ്ട്രോൾ ഉള്ളവർ കൂടുതൽ കാണപ്പെട്ടത് കേരള, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. പുതിയ നിർദേശപ്രകാരം ഹൃദ്രോഗികളിലെ എൽ.ഡി.എൽ. നില അമ്പത്തിയഞ്ചിൽ താഴെയായിരിക്കണം. അപകടസാധ്യത കുറഞ്ഞവർ, മിതമായുള്ളവർ, ഉയർന്ന തോതിലുളളവർ, ഏറ്റവും അപകടസാധ്യതയുള്ളവർ എന്നിങ്ങനെ തിരിച്ചാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടില്ലാത്തവർ അപകടസാധ്യത കുറഞ്ഞവരാണ്. പുകവലിക്കുക, പുകയില ഉപയോഗിക്കുക, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, ഡിസ്ലിപ്ഡെമിയ, രക്തബന്ധത്തിൽ ആർക്കെങ്കിലും ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങൾ ഉള്ളവർ മിതമായ അപകടസാധ്യത ഉള്ളവരുമാണ്. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഗുരുതരമായ വൃക്കരോഗങ്ങൾ, രക്തബന്ധത്തിൽ ആർക്കെങ്കിലും ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവരാണ് ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലുള്ളത്. രക്തധമനികളിൽ ബ്ലോക്ക്, ഇരുപതിലേറെ വർഷമായി പ്രമേഹം, രക്തബന്ധത്തിൽ ആർക്കെങ്കിലും രക്തധമനികളിൽ തടസ്സമുണ്ടാവുക തുടങ്ങിയവരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ലിപിഡ് പാരാമീറ്റർ പരിശോധനയിൽ എൽ.ഡി.എൽ.കൊളസ്ട്രോൾ, നോൺ എച്ച്.ഡി.എൽ. കൊളസ്ട്രോൾ, എച്ച്.ഡി.എൽ. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവയായിരുന്നു പ്രധാന ഘടകങ്ങൾ. എന്നാൽ ഇനിമുതൽ ലിപോപ്രോട്ടിൻ(a) കൂടി പരിശോധിക്കണം. ലിപോപ്രോട്ടീന്റെ അളവ് കൂടുതലാണെങ്കിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്. വ്യായാമവും യോഗയും ശീലമാക്കേണ്ടത് പ്രധാനമാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.