മലപ്പുറത്ത് നിപ്പ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേരുടെ സാംപിളുകൾ നെഗറ്റീവ്. 6 പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു ചികിത്സയിലുളളത്. നിപ്പ ബാധിച്ചു മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈ റിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.