സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.പി, ഐ.സി.യു., വെന്റിലേറ്റർ ഉപയോഗം സാധാരണ പോലെയാണ്. പകർച്ചപ്പനി മൂലം അവയിൽ വർധനവുണ്ടായിട്ടില്ല എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീൽഡ് സന്ദർശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.