ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി. വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ് പ്രവേശിപ്പിച്ച 104 വയസ്സുകാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. എറണാകുളം സ്വദേശിയായ തുളസിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. പ്രായം ഘടകമാണെങ്കിലും രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് മെഡിസിൻ, ഓർത്തോ, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരും അനസ്തേഷ്യയിലെ ഡോക്ടറും തയ്യാറായതിന്റെ അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഓർത്തോ വിഭാഗത്തിലെ ഡോ. കെ. രാജേഷ്, ഡോ. മനു പി. വിശ്വം, അനസ്‌തേഷ്യയിലെ ഡോ. ഷേർലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ചൊവ്വാഴ്ച രോഗി ഡിസ്ച്ചാർജ് ആയി. ഏതാനും ദിവസങ്ങൾക്കകം ഇവർക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.