ജോലിയിലെ സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജോലിയിലെ സമ്മർദം മൂലം രാജി വയ്ക്കുന്നത് മുതൽ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസലിങ്ങിനെത്തുന്ന ഡോക്ടർമാർ പങ്കുവയ്ക്കുന്നത്. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത ഞെട്ടിക്കുന്ന രീതിയിൽ വർധിച്ചുവരുന്നതായാണ് കൗൺസലിങ് രംഗത്തുള്ളവർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞവർഷം മാത്രം കേരളത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമായി 20 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ പകുതിയിലേറെയും സ്ത്രീകളായിരുന്നുവെന്ന കണക്കും ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയുടെ നിരീക്ഷണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കിയ ഇമോഷണൽ വെൽബീയിങ് ആൻഡ് സൂയിസൈഡ് പ്രിവൻഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ടെലി ഹെൽപ് ലൈയിൻ പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം എത്തിയ വിളികളുടെ എണ്ണം കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരുന്നു എന്ന് ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി കേരള ഘടകം മുൻ പ്രസിഡന്റ് ഡോ. ആൽഫ്രഡ് വി. സാമുവൽ ഒരു സ്വകര്യ മാധ്യമത്തോട് പറഞ്ഞു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും മികച്ച രോഗനിർണയത്തിലെത്തേണ്ടത് പല ഡോക്ടർമാരെയും സമ്മർദത്തിലാക്കുന്നുണ്ടെന്നാണ് കൗൺസലിങ് രംഗത്തുനിന്നുള്ളവർ കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പം രാത്രി പോലും ഉറങ്ങാൻ കഴിയാത്തവിധം വരുന്ന ഫോൺകോളുകളും എമർജൻസി രോഗികളുമൊക്കെയാകുന്നതോടെ സമ്മർദം കൂടുന്നു എന്നും ഈ രംഗത്തുള്ളവർ പറയുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.