ഷാർജയിൽ കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും കാരണം ആശുപത്രിയിൽ എത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ. 13 എണ്ണം എൻഡോസ്കോപ്പി വഴിയും അതിലൂടെ സാധിക്കാതിരുന്ന മൂന്ന് കാന്തങ്ങൾ ശസ്ത്രക്രിയയിലൂടെയുമാണ് പുറത്തെടുത്തത്. ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. കുട്ടിയുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസമായി ശരിക്ക് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശ്വാസതടസം അനുഭവപ്പെടുന്നു എന്നും പറഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുവന്നത്. എക്സ്റേ എടുത്തപ്പോഴാണ് കാന്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. എല്ലാം കൂടി ഒട്ടിപിടിച്ച നിലയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കുട്ടിയുടെ രക്ത, മൂത്ര പരിശോധനാ ഫലങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആകർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി ഓരോന്നായി പുറത്തെടുക്കുന്നത് ശ്രമകരമായിരുന്നു. 13 എണ്ണം ഓരോന്നായി പുറത്തെടുത്തു. പിന്നീട് അടിന്തിര ശസ്ത്രക്രിയ നടത്തി നാല് കാന്തങ്ങൾ കൂടി പുറത്തെടുക്കുകയായിരുന്നു.