കാലിന് പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി

മഹാരാഷ്ട്രയിൽ കാലിന് പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞമാസം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടിയുടെ കാലിന് പരിക്കേറ്റിരുന്നു. ശേഷം കുട്ടിയെ ജൂൺ 15-ന് ഷഹാപൂർ ഉപ-ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കാലിന് പരിക്കേറ്റ കുട്ടിയുടെ സ്വകാര്യ ഭാഗത്തിൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതെന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തിയതായും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം കാലിന് പരിക്കേറ്റതിന് പുറമേ, കുട്ടിക്ക് ഫിമോസിസിന്റെ അഥവാ ഇറുകിയ അഗ്രചർമ്മം പ്രശ്‌നവും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. ഇതുകാരണമാണ് രണ്ടു ശസ്ത്രക്രിയ നടത്തേണ്ടിവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.