തിരുവനന്തപുരം ജില്ലയിൽ കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. നെയ്യാറ്റിൻകരയിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കോളറ വ്യാപനമാണ് ഈ വർഷത്തേത്. ചൊവ്വാഴ്ച ഒരാൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചതെങ്കിൽ ബുധനാഴ്ച രണ്ടുപേർക്ക് കൂടി രോഗബാധയുണ്ടായി. വ്യാഴം, വെള്ളി ദിവസങ്ങളിൽ നാലുപേർക്ക് വീതവും. ഫലത്തിൽ വെള്ളിയാഴ്ച വരെ 11 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 20ഓളംപേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ദിവസംതന്നെ ആരോഗ്യവകുപ്പ് അധികൃതർ നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിലെത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിലെ കിണർ വെള്ളം പരിശോധനക്കയച്ചെങ്കിലും വിബ്രിയോ കോളറ എന്ന ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായില്ല. നാല് ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വ്യക്തത വരാത്തത് ചെറുതല്ലാത്ത ആശങ്ക
ഉയർത്തുകയാണ്.