സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. രോഗബാധിത മേഖലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 2025 മാർച്ച് വരെ പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ നിലവിലെ സാഹചര്യത്തിൽ നടപ്പാക്കേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം, വൈക്കം, അടൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പക്ഷികൾ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.