കാസർകോട് കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയത്. സംഭവത്തിൽ 61 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. ഇതിൽ 54 പേർ ഡിസ്ചാർജായി. ഏഴു കുട്ടികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ആരുടേയും നില ഗുരുതരമല്ല. അതേസമയം ജനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് പോകാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെതുടർന്ന്
ആരോഗ്യ വിഭാഗം, ടെക്നിക്കൽ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായി ആശുപത്രിയിൽ പരിശോധന നടത്തി. കോഴിക്കോട് നിന്നുള്ള വിദഗ്ധസംഘം എത്തി കേടുപാടുകൾ പരിഹരിക്കുന്നവരെ ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ട എന്നാണ് തീരുമാനം.