കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന

കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയിൽ വരുന്ന ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോ​ഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി. ഇരുവിഭാ​ഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നു. വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകൾ, ജനങ്ങൾക്ക് ചികിത്സകൾ, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.