‘കിസാൻ കവച്’ ധരിച്ചാൽ കീടനാശിനികളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുമുൻപ് നിർവീര്യമാക്കാം

മലപ്പുറത്ത് കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കർഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച് മലയാളികൾ ഉൾപ്പെട്ട ശാസ്ത്രസംഘം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെംസെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകരാണ് ‘കിസാൻ കവച്’ എന്നു പേരിട്ട കണ്ടുപിടിത്തത്തിനു പിന്നിൽ. ഈ തുണി ധരിച്ചാൽ കീടനാശിനികളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുമുൻപ് നിർവീര്യമാക്കാം. ഐബ്രിക് ഇൻസ്റ്റെമിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീൺകുമാർ വെമുലയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷണസംഘത്തിനു നേതൃത്വം നൽകിയത്. തൃശ്ശൂർ സ്വദേശി മഹേന്ദ്ര കെ. മോഹൻ , കണ്ണൂർ സ്വദേശി തേജ പി.പി.,കോഴിക്കോട് സ്വദേശി ഹാദി മുഹമ്മദ് എന്നിവരും സംഘത്തിലുണ്ട്. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണിയാണ് ‘കിസാൻ കവച്’. കുറഞ്ഞത് ഒരുവർഷമെങ്കിലും ഉപയോഗിക്കാനാകും. നിലവിൽ സമാനമായ മറ്റൊരു സാങ്കേതികവിദ്യയുമില്ലെന്ന് ഇവർ പറയുന്നു. ‘നേച്ചർ കമ്യൂണിക്കേഷൻസ് ജേണലി’ൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ വസ്ത്രംപോലെ ഉപയോഗിക്കാവുന്ന കിസാൻ കവച് അതേ ചെലവിൽ കർഷകർക്കു ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗവേഷകർ പറയുന്നു.