അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന

അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മദ്യ ഉപഭോ​ഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിത മദ്യപാനത്തേക്കുറിച്ചും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. 2019-ൽ മദ്യോപഭോ​ഗം മൂലം 2.6ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത് തടയാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.