വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള സമീപനമാണ് നാം സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം വെള്ളാറിലെ കേരള ആർട്ട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരാഗത മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക സങ്കേതങ്ങൾ കൂടി യോജിപ്പിച്ചു മുന്നേറാൻ നമുക്ക് കഴിയണം. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ഇത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.