കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്

കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്. തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും ചേർന്ന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഒരു മാസം മുമ്പാണ് നടക്കാൻ പോലും കഴിയാതെ കാലിൽ വലിയ മുഴയുമായി 61 വയസുകാരി തൃശൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്. വിദഗ്ധ പരിശോധനയിൽ ട്യൂമർ ആണെന്ന് ബോധ്യപ്പെട്ടു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാൽ അധിക മുൻകരുതലുകൾ കൂടിയെടുത്തു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകൾ, നാഡീഞരമ്പുകൾ എന്നിവയ്ക്ക് ക്ഷതമേൽക്കാതെ 10 കിലോ തൂക്കം വരുന്ന, സോഫ്റ്റ് ടിഷ്യൂ സാർക്കോമ നീക്കം ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ സർക്കാരിന്റെ വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ചെയ്തത്.