നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാ​ഗമായി എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടി. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ അറിയിച്ചിരിക്കുന്നത്. 67 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം. അതേസമയം, നീറ്റ് പരീക്ഷ വിവാദത്തിൽ എൻടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ എൻടിഎ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.