പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. ദേശീയ ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ വ്യക്തമാക്കി. അപകടത്തിൽ ചരക്കുതീവണ്ടിയുടെ ലോക്കോ പൈലട്ടും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും ഉൾപ്പെടെ 15 പേർ മരിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ത്രിപുരയിലെ അഗർത്തലയിൽ നിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.