പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവര്‍ത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവര്‍ത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൃഷി, മൃഗസംരക്ഷണം, ജലം, മത്സ്യബന്ധനം, ടൂറിസം തുടങ്ങിയ മേഖലകള്‍ക്കാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം പ്രാമുഖ്യം നല്‍കുന്നത്. പാരിസ്ഥിതിക സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പാരിസ്ഥിതിക ആശങ്കകള്‍ ജനപങ്കാളിത്തത്തോടെ പരിഹരിക്കണം. ഹരിത ഗൃഹവാതക ബഹിര്‍ഗമനം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നമാണ്. ഗതാഗതം, വ്യവസായം, അശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്നിവ പ്രശ്നത്തെ രൂക്ഷമാക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണം. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ പരമാവധി വ്യാപകമാക്കി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കണം. ഊര്‍ജ ഉപഭോഗം കാര്യക്ഷമമാക്കിക്കൊണ്ട് ഊര്‍ജ പ്രതിസന്ധിയുടെ സാധ്യത ഇല്ലാതാക്കണം. ഉപയോഗ ശൂന്യമായ നീര്‍ത്തടങ്ങള്‍ സംരക്ഷിച്ചും മഴവെള്ള സംഭരണികള്‍ വ്യാപകമാക്കിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പരിസ്ഥിതി സൗഹൃദ നൂതനാശയങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.