ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മരുന്നുകൾ കഴിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പഠനം. അമേരിക്കയിലെ യുവാക്കളിൽ നടത്തിയ പഠനം അനുസരിച്ച് മൂന്ന് വർഷത്തിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ 594.4 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. മിഷിഗൺ മെഡിക്കൽ സ്കൂൾ, യേൽ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 12നും 25നും ഇടയിൽ പ്രായമായവർക്ക് ഇത്തരം മരുന്നുകൾ നിർദ്ദേശിച്ചുള്ള കുറിപ്പുകൾ 2020ൽ 8722 ആയിരുന്നത് 2023ൽ 60,567 ആയി വർധിച്ചതായി പഠനം പറയുന്നു. യുവതികളിലും കൗമാരക്കാരികളിലുമാണ് പ്രമേഹ, ഭാരനിയന്ത്രണ മരുന്നുകളുടെ ഉപയോഗം വല്ലാതെ വർധിച്ചതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ 93 ശതമാനത്തിലധികം റീട്ടെയ്ൽ ഫാർമസികളിൽ നിന്നുള്ള മരുന്ന് കുറിപ്പുകളാണ് പഠനത്തിനായി പരിശോധിച്ചത്. അമിതവണ്ണവും പ്രമേഹവും ബാധിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം പെരുകുകയാണ് എന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ജാമാ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.