ഒവേറിയൻ ക്യാൻസറിനു പിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാത്തതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള

ഒവേറിയൻ ക്യാൻസറിനു പിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാത്തതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. എൻ.ഡി. ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത ചിലത് തനിക്കുണ്ടായിട്ടുണ്ടെന്നും അതിലൊന്നാണ് മാതൃത്വമെന്നുമാണ് മനീഷ പറയുന്നത്. ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് സമാധാനിക്കുകയാണ് താനെന്നും താരം കൂട്ടിച്ചേർത്തു. ക്യാൻസർ സ്ഥിരീകരിച്ചതിനു ശേഷം സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നു എന്നും മനീഷ പറയുന്നു. മരിച്ചു പോകുമെന്നാണ് കരുതിയത്. അടുത്ത പത്ത് വർഷമോ, അല്ലെങ്കിൽ അഞ്ച് വർഷമോ ജീവിച്ചിരിക്കുമെന്ന് പോലും സ്വപ്നം കാണാൻ ഭയമായിരുന്നു. ഇപ്പോഴും ഭയമാണെന്നും താരം കൂട്ടിച്ചേർത്തു. വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ കാര്യങ്ങളെന്നും മനീഷ വ്യക്തമാക്കുന്നു.