ഉഷ്‌ണതരംഗത്തിൽ ഉരുകി ഉത്തരേന്ത്യ. കഴിഞ്ഞ 72 മണിക്കൂറിനിടെ ഡൽഹിയിൽ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേർ സൂര്യാതപത്താൽ മരിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരിൽ ഭൂരിഭാഗവും റിക്ഷക്കാരും പുറംപണിചെയ്യുന്ന സാധാരണ തൊഴിലാളികളുമാണ്. ഇലക്ട്രോലൈറ്റുകൾ കുറയുന്നത്, സൂര്യാതപം, കൂടിയ പനി, നിർജലീകരണം തുടങ്ങിയവയാണ് മരണകാരണമായിരിക്കുന്നത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 52.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമേ രാജസ്ഥാൻ, ഉത്തർപ്രദേശ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.