നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള ‘സോൾവർ ഗ്യാങ്ങി’ന് പരീക്ഷയുടെ ഒരു ദിവസം മുമ്പുതന്നെ ഉത്തരങ്ങൾ സഹിതം ചോദ്യപ്പേപ്പറിന്റെ പി.ഡി.എഫ്. ലഭിച്ചെന്ന് ബിഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടത്തി. ചോദ്യപ്പേപ്പറിന്റെ പി.ഡി.എഫ്. ഫോണിൽ ലഭിച്ച സോൾവർ ഗ്യാങ് അംഗം അറസ്റ്റിലായിട്ടുണ്ട്. ജാർഖണ്ഡിൽ നിന്നാണ് ബൽദേവ് കുമാറിനേയും മറ്റ് നാലുപേരേയും ബിഹാർ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തത്. ചോദ്യപ്പേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിന്റെ സൂത്രധാരനായ സഞ്ജീവ് കുമാറിന്റെ അടുത്തയാളാണ് ബൽദേവ് കുമാർ എന്ന് അന്വേഷണ ഉദ്യോഗസ്ഥതർ വ്യക്തമാക്കി. അതേസമയം, ചോർന്നുകിട്ടിയ ചോദ്യപ്പേപ്പറിന്റെ പകർപ്പ് കത്തിച്ചനിലയിൽ അന്വേഷണ ഉദ്യോഗസ്ഥതർ കണ്ടെത്തി. അവശിഷ്ടങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയ 68 ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലെ അതേ ചോദ്യങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥതർ തിരിച്ചറിഞ്ഞു. ചോദ്യങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രമായ സ്‌കൂളിന്റെ കോഡും കത്തിച്ചതിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.