മൈക്രോപ്ലാസ്റ്റിക് മനുഷ്യരുടെ വൃഷ്ണസഞ്ചികളിൽ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി ഗവേഷകർ. ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. ഗവേഷകർ ആദ്യം നായ്ക്കളിലും പിന്നീട് മനുഷ്യരിലുമാണ് പഠനം നടത്തിയത്. പിവിസി അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകൾ പലതരത്തിലുള്ള രാസവസ്തുക്കൾ പുറന്തള്ളുന്നുണ്ടെന്നും ഇവ ബീജമുണ്ടാകുന്ന പ്രക്രിയയെ തടസ്സപ്പെടുത്താമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ രക്തത്തിലും ഗർഭസ്ഥശിശുവിലും മറുപിള്ളയിലും മാത്രമല്ല മുലപ്പാലിൽ വരെ മെക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം പറയുന്നു. ഇത് കോശസംയുക്തങ്ങളിൽ തങ്ങി നിന്ന് നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. രക്തക്കുഴലുകളിലെ മൈക്രോപ്ലാസ്റ്റിക്സ് സാന്നിധ്യം പക്ഷാഘാതത്തിന്റെയും അകാലമരണത്തിന്റെയും സാധ്യത വർധിപ്പിക്കാമെന്നും ഡോക്ടർമാർ പറയുന്നു. ടോക്സിക്കോളജിക്കൽ സയൻസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.