നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളത്തിലെ മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോർ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാപനം ഇടം നേടുകയായിരുന്നു. തലസ്ഥാനമായ ഡൽഹിയിൽ നടന്ന ആയുഷ്മാൻ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണൽ ഈവന്റിൽ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറൻസ് ഓഫീസർമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.