പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനും കർമപദ്ധതി

അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കർമ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനം. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓൺലൈനായി യോഗം ചേർന്നു. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച വിദഗദ്ധ സംഘവും ചർച്ചയിൽ പങ്കെടുത്തു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പി ഡെമോളജി ആന്റ് ഡിസീസ് ഇൻഫോർമാറ്റിക്‌സിലേയും വിദഗദ്ധരുടെ മേൽ നോട്ടവും പഠനത്തിൽ ഉണ്ടാകും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.