കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം

മധുര പലഹാരങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ അമിത ഉപയോഗം കാരണമാകുമെന്നു പഠനം കണ്ടെത്തി. സൈലിറ്റോൾ പ്ലേറ്റ്‌ലറ്റ് പ്രവർത്തനങ്ങളെ ബാധിച്ചാണ് രക്തം കട്ടിയാക്കുന്നത്. ഷുഗർ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും സൈലിറ്റോൾ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് അമിതവണ്ണം, പ്രമേഹം എന്നിവ വർധിച്ചപ്പോഴാണ് പഞ്ചസാരയ്ക്ക് പകരമായി സൈലിറ്റോൾ പോലുള്ള കൃത്രിമ മധുരപദാർഥങ്ങൾ പ്രചാരം നേടിയത്. പ്രകൃതിദത്തമായി പഴങ്ങളിലും മറ്റും നേർത്തതോതിൽ കാണുന്നതാണ് സൈലിറ്റോൾ. ഇത് പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്‌പാദിപ്പിച്ചു തുടങ്ങിയിരുന്നു.