സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി. തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക് സർജറികൾ വിജയകരമായി ഇതുവരെ പൂർത്തിയായി. വൃക്ക, ഗർഭാശയം, മലാശയം എന്നിവയെ ബാധിച്ച കാൻസറുകൾക്കാണ് റോബോട്ടിക് സർജറി നടത്തിയത്. തിങ്കളാഴ്ച മുതൽ റോബോട്ടിക് സർജറികൾ സാധാരണ പോലെ നടക്കും. ആർസിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സർജറി യാഥാർഥ്യമായതോടെ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. റോബോട്ടിക് സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോ. സതീശന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.