കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം

കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം. ഡോ. ജാൻസി ജെയിംസിനാണ് മർദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്റെ മുഖത്തടിച്ചുവെന്നും ശക്തമായ അടിയുടെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും പരാതിയിൽ പറയുന്നു. പലതവണ ഡോക്ടറോട് അസഭ്യം പറയുകയും തുടർന്ന് മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നുണ്ട്. രാത്രി ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടർ ആരോപിച്ചു. മെയ് 12 രാത്രിയാണ് സംഭവം. രോഗി മുൻപ് ഉപയോഗിച്ചിരുന്ന ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയതിനെ ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും തുടർന്ന് നടന്ന വാക്കുതർക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ പരാതി. സംഭവത്തിൽ ഡോക്ടർ ജാൻസി ജെയിംസ് ചവറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.