12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആർത്തവം നടന്നവർക്ക് മറവി രോഗ സാധ്യത 12 ശതമാനം അധികമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ തോതാണ് മറവിരോഗ സാധ്യതയെ സ്വാധീനിക്കുന്നത്. മറവിരോഗത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിൽ ഈ ഹോർമോണിന് പ്രധാന സ്ഥാനമുണ്ട്. 37നും 73നും ഇടയിൽ പ്രായമുള്ള 2, ലക്ഷത്തിൽ അധികം സ്ത്രീകളുടെ വിവരങ്ങൾ യുകെ ബയോ ബാങ്കിൽ നിന്നെടുത്താണ് പഠനം നടത്തിയത്. ഇവരുടെ ആദ്യ ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവവിരാമം തുടങ്ങിയ വിവരങ്ങൾ ഗവേഷകർ പഠനത്തിനായി ശേഖരിച്ചു. പഠനകാലയളവിൽ ഇതിൽ 3700 പേർക്ക് മറവിരോഗം ഉണ്ടായി. ഈസ്ട്രജൻ ഹോർമോണിന്റെ നീർക്കെട്ടിനെ പ്രതിരോധിക്കുന്ന ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളാകാം തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മ, ശ്രദ്ധ, പഠനം പോലുള്ള മേധാശക്തിപരമായ പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു.