വിഷാദരോഗത്തിന് മരുന്ന് നിർദേശിക്കാൻ ഐ.ഐ.യുടെ സഹായം തേടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാഗമാണ് പെട്രുഷ്ക എന്ന പേരിൽ ഐ.ഐ. ടൂൾ തയ്യാറാക്കിയിരിക്കുന്നത്. അഞ്ഞൂറോളം പേരുടെ വിഷാദരോഗവിവരങ്ങൾ ശേഖരിച്ച് ചികിത്സ നിശ്ചയിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രായം, ലിംഗം, ലക്ഷണങ്ങൾ, രോഗത്തിന്റെ തീവ്രത തുടങ്ങിയവയും ചികിത്സയുടെ പാർശ്വഫലവുമൊക്കെ പരിശോധിച്ച ശേഷമായിരിക്കും ചികിത്സിക്കുക. രോഗികളെ ശാക്തീകരിക്കാനുള്ള നവീനമായ വഴിയാണിതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വിപണിയിൽ മുപ്പതിൽപ്പരം വിഷാദരോഗ മരുന്നുകളുണ്ട്. പക്ഷേ മിക്കവരും നാല് മരുന്നുകളിലേതെങ്കിലും ഒന്നായിരിക്കും നിശ്ചയിക്കുക. എല്ലാ രോഗികൾക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് എന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രിയ സിപ്രിയാനി ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. ഓരോ രോഗിക്കും മികച്ച ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഫലപ്രദമല്ലാത്ത ചികിത്സ നൽകി സമയം പാഴാക്കുക എന്നല്ല. രോഗികൾക്ക് സ്വയം ചികിത്സയുടെ ട്രയലിൽ പങ്കെടുക്കാം. ചെറിയൊരു സ്ക്രീനിങ്ങോടെയാണ് ഇതാരംഭിക്കുക എന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു. 24 ആഴ്ച നീണ്ടതായിരിക്കും ഇതുസംബന്ധിച്ച പഠനം. എട്ടാഴ്ച കഴിയുമ്പോൾ തന്നെ ചികിത്സ സംബന്ധിച്ച ഏകദേശരൂപം ലഭ്യമാകുമെന്നാണ് ഗവേഷകർ കരുതുന്നത്. മാനസികാവസ്ഥ, ഉത്കണ്ഠ, ജീവിതനിലവാരം, പാർശ്വഫലങ്ങൾ തുടങ്ങിയവയൊക്കെ പഠനകാലയളവിൽ ശേഖരിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്& കെയർ റിസർച്ച് ആണ് ഇതിനുള്ള ധനസഹായം നൽകുന്നത്.