സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുന്നതായി റിപോർട്ടുകൾ. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്. ഇതോടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാണ്. ഇരു വൃക്കകളും പ്രവർത്തനം നിലച്ച 2608 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി സംസ്ഥാനത്ത് കാത്തിരിക്കുന്നത്. 76 പേർ കരൾ കിട്ടാനും 64 പേർ പുതിയ ഹൃദയം തുടിക്കാനും കാത്തിരിക്കുന്നു. മറ്റ് അവയവങ്ങൾക്കായി കാത്തിരിക്കുന്നവർ 21 പേരാണ്. മരണാനന്തര അവയവദാനത്തിനായാണ് ഇവർ കാത്തിരിക്കുന്നത്. എന്നാൽ മസ്തിഷ്‌ക മരണം റിപ്പോർട്ട് ചെയ്യാൻ സർക്കാർ സ്വകാര്യ ആശുപത്രി എന്ന വ്യത്യാസമില്ലാതെ എല്ലാവരും മടിക്കുകയാണ്. വിവാദങ്ങളും കേസും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡോക്ടർമാരെയും അകറ്റുന്നതായാണ് റിപോർട്ടുകൾ. 2014, 2015, 2016 വർഷങ്ങളിൽ നൂറിനും 200നും മുകളിൽ അവയവദാനം നടന്നിരുന്നുവെങ്കിൽ, വിവാദങ്ങൾ ഉയർന്നത്തോടെ കഴിഞ്ഞവർഷം ദാനം ചെയ്തത് വെറും 62 അവയവങ്ങളാണ്. ഈ വർഷം ആകട്ടെ അത് 20ലേക്കും ചുരുങ്ങുന്നതായി റിപോർട്ടുകൾ വ്യക്തമാക്കുന്നു.