അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി മന്ത്രി വീണാ ജോര്‍ജ്. ഇവർക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ജില്ലകളില്‍ അനധികൃത അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത 5 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അനധികൃത അവധിയിലുള്ള ജീവനക്കാരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താൽപര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.