നിപ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിൻറെ ഭാഗമായി വവ്വാലുകളുടെ സാമ്പിൾ പരിശോധന ആരംഭിച്ച് കേരളം. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പിൾ ശേഖരണം ആരംഭിച്ചത്. തിരുവനതപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. മൂന്നു തവണ നിപ രോഗബാധ ഉണ്ടായ കോഴിക്കോട് ജില്ലയിലാണ് ആദ്യഘട്ടം പരിശോധന തുടങ്ങിയത്. മേയ് മുതൽ ഡിസംബർ വരെയാണ് പരിശോധന നടക്കുക. മാസം ഏഴുദിവസം എന്ന രീതിയിലാണ് കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് മേഖലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി പ്രദേശങ്ങളിൽ പരിശോധന നടക്കുന്നത്. വെറ്റിറിനറി സർജൻറെ നേതൃത്വത്തിൽ ആണ് പരിശോധന. വവ്വാലുകളുടെ സാന്നിധ്യം ആദ്യം നിരീക്ഷിക്കും. പിന്നീട് ജിയോമാപ്പിങ് നടത്തും. തുടർന്ന് സഞ്ചാരപഥവും മനസ്സിലാക്കിയ ശേഷമാകും സാമ്പിൾ ശേഖരണം. ചത്ത വവ്വാലുകളെ കണ്ടെത്തുകയാണെങ്കിൽ അവയുടെയും അവശനിലയിലോ മറ്റോ കാണുന്നുണ്ടെങ്കിൽ അവയുടെയും സാമ്പിളും ശേഖരിക്കും. ഓരോ ഘട്ടത്തിലും ശേഖരിക്കുന്ന സാമ്പ്ൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിക്കും. ജൂലൈയോടെ ആദ്യഘട്ടം ഫലം വരുമെന്നാണ് പ്രതീക്ഷ.