ലോകത്തെ ഏറ്റവും വലിയ ‘എയർ പ്യൂരിഫയർ’ തുറന്ന് ഐസ് ലാൻഡ്. മലിനമായ അന്തരീക്ഷം വൃത്തിയാക്കുന്നതിനുള്ള അതി ഭീമൻ വാക്വം ഉപകരണം ഐസ് ലാൻഡിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറക്ട് എയർ കാപ്ചർ ഉപകരണം സ്വിസ് കമ്പനിയായ ക്ലൈംവർക്ക്‌സ് ആണ് നിർമിച്ചത്. കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഉപകരണമാണിത്. 2021 ലാണ് ഒർക എന്ന പേരിൽ ക്ലൈംവർക്ക്‌സ് ഐസ് ലാൻഡിൽ ആദ്യ ഡിഎസി സ്ഥാപിച്ചത്. വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാർബൺ രാസവസ്തുക്കളുപയോഗിച്ച് വേർതിരിച്ചെടുക്കുകയാണ് ഡിഎസി ചെയ്യുക. ഇങ്ങനെ ശേഖരിക്കുന്ന കാർബൺ ഭൂമിക്കടിയിലേക്ക് മാറ്റും. ഭൂമിക്കടിയിലേക്ക് മാറ്റുന്ന കാർബൺ സ്വാഭാവികമായി കല്ലായി രൂപാന്തരപ്പെടും. ഇങ്ങനെ ചെയ്യുന്നതോടെ കാർബൺ വീണ്ടും പുറത്തുവരില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തനം നടത്തുക. ഒരു വർഷം 36000 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കാൻ മാമത്തിന് സാധിക്കിമെന്നാണ് ക്ലൈം വർക്ക്‌സ് അവകാശപ്പെടുന്നത്. അതേസമയം ഡിഎസി ചിലവേറിയതാണെന്നും വലിയ ഊർജ്ജം ആവശ്യമുള്ളതാണെന്നുമുള്ള വിമർശനവും നിലനിൽക്കുന്നുണ്ട്.