സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ നിർദ്ദേശം. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കലാ-കായിക മത്സരങ്ങൾ
അല്ലെങ്കിൽ പരിപാടികൾ പകൽ 11 മുതൽ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. സ്കൂളുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ആവശ്യമായ അവലോകനം എത്രയും പെട്ടന്ന് നടത്തണം എന്നും മന്ത്രി വ്യക്തമാക്കി.