അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം.

ജോലി സമയത്ത്‌ മാരകമായ രാസവസ്‌തുക്കളുമായി സമ്പർക്കം വരാമെന്നതിനാൽ അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം. അരിസോണ, മിഷിഗൺ സർവകലാശാലകളിലെ ഗവേഷകർ ചേർന്നാണ്‌ പഠനം നടത്തിയത്‌. പൊതുജനങ്ങളെ അപേക്ഷിച്ച്‌ അഗ്നിശമന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത 1.21 മടങ്ങ്‌ അധികമാണെന്ന്‌ പഠനറിപ്പോർട്ട്‌ പറയുന്നു. രാസവസ്‌തുക്കൾക്ക്‌ പുറമേ തീയും പുകയുമായെല്ലാം ഇവർ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നതാണ്‌ കാരണം. തീയണയ്‌ക്കാൻ ഉപയോഗിക്കുന്ന ഫയർഫൈറ്റിങ്‌ ഫോമിലെ പോളിഫ്‌ളൂറോആൽക്കൈയ്‌ൽ സബ്‌സ്‌റ്റൻസസ്‌ അർബുദവളർച്ചയ്‌ക്ക്‌ കാരണമാകുന്ന ജനിതക വ്യതിയാനങ്ങളിലേക്ക്‌ നയിക്കാമെന്നും പഠനം പറയുന്നു. ഫയർഫൈറ്റിങ്‌ ഫോമിന്‌ പുറമേ നോൺസ്‌റ്റിക്‌ പാനുകൾ, വാട്ടർ റെസിസ്റ്റന്റ്‌ വസ്‌ത്രങ്ങൾ എന്നിവയിലെല്ലാം പിഎഫ്‌എഎസ്‌ ഉപയോഗിക്കാറുണ്ട്‌. എൻവയോൺമെന്റൽ ആൻഡ്‌ മോളിക്യുലാർ മ്യൂട്ടാജെനിസിസ്‌ ജേണലിലാണ്‌ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.