ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേരളം, കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവ്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേരളം. സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവ് രേഖപെടുത്തായി ആരോഗ്യ മന്ത്രി വീണ ജോർജ്. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്, 4.05 കോടി രൂപ പിഴ ഈടാക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. രാജ്യത്ത് ആദ്യമായി ഭക്ഷ്യ സുരക്ഷാ ലാബുകൾക്ക് എൻഎബിഎൽ അക്രഡിറ്റേഷൻ ലഭ്യമാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ ആവിഷ്‌ക്കരിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി.പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, അറവ് ശാലകൾക്ക് ക്ലീൻ ആന്റ് സേഫ് ക്യാമ്പയിൻ, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി വരുന്നു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.