പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളിൽ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. ജേണൽ ഓഫ് എൻവയോൺമെന്റൽ സൈക്കോളജിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർത്ത് കരോളിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോറസ്‌ട്രി ആൻഡ് എൻവയോൺമെന്റ് റിസോഴ്‌സസ് പ്രഫസർ നീൽസ് പീറ്റേർസണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 112 കോളജ് വിദ്യാർഥികളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഉത്‌കണ്‌ഠ, പഠനഭാരം, വിഷാദരോഗം, സമ്മർദ്ദം എന്നിവ കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാർഥികളിൽ വല്ലാതെ ഉയർന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു. ഇവയ്‌ക്കുള്ള പരിഹാരമായി പ്രകൃതിയിൽ അധിഷ്‌ഠിതമായ പക്ഷി നിരീക്ഷണ പ്രവർത്തനങ്ങൾ ഗുണം ചെയ്യുമെണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാനും സംതൃപ്‌തി നൽകാനും ഈ ശീലം നല്ലതാണെന്നും പഠനം പറയുന്നു.