തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് കൂട്ടിച്ചേർത്തു. കുട്ടികളിലും, അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറൽ ഡവലപ്‌മെന്റൽ ഡിസോഡറാണ് എഡിഎച്ച്ഡി. കുട്ടികളിലെ എഡിഎച്ച്ഡി പഠനവൈകല്യങ്ങളെ ബാധിക്കുമ്പോൾ മുതിർന്നവരിൽ എഡിഎച്ച്ഡി ദൈനംദിന ജീവിതത്തെയാണ് ബാധിക്കുക. എഡിഎച്ച്ഡി ഉള്ളവരിൽ ശ്രദ്ധ കുറവായതിനാൽ ജോലിയിൽ കൂടുതൽ സമയം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരും. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാൻ ഇവർക്ക് സാധിക്കില്ല. വളരെ സങ്കീർണമായ ജോലികൾ പിന്തുടരാൻ കഴിയാതെ വരും. ചെയ്യുന്ന ജോലി സമയ ബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കാതെ വരുമ്പോൾ പ്രവർത്തനമേഖലയെ ഇതു പ്രതികൂലമായി ബാധിക്കും. ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളിൽ ചിലതു മാത്രമേ എഡിഎച്ച്ഡി ഉള്ളവർക്ക് ചെയ്തു തീർക്കാൻ സാധിക്കൂ.